ന്യൂഡൽഹി: കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹരജി തളളണമെന്ന് കേന്ദ്രസർക്കാർ. കടമെടുപ്പ് നയപരമായ വിഷയമാണെന്നും അതിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും 15ാം ധനകാര്യ കമീഷൻ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി കേരളത്തെ വിലയിരുത്തുണ്ടെന്നുമുള്ള നേരത്തെ നൽകിയ സത്യവാങ്മൂലത്തിലെ വാദം കേന്ദ്രം സുപ്രീംകോടതിയിൽ ആവർത്തിച്ചു.
വായ്പ പരിധി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം തീരുമാനിക്കുന്നതാണ്. ഇതിൽ കോടതി ഇടപെടരുത്. വായ്പ പരിധി നിശ്ചയിക്കുന്നത് സംസ്ഥാന ബജറ്റിലേക്കുള്ള കടന്നുകയറ്റമല്ല. കേരളം ലോക ബാങ്കിൽനിന്നടക്കം കടമെടുത്തിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വായ്പയിൽ കേരളം വീഴ്ച്ച വരുത്തിയിരുന്നു. പിന്നീട് കേന്ദ്രമാണ് ഈ തുക അടച്ചത്. വലിയ കടബാധ്യതയിൽ നിൽക്കുന്ന സംസ്ഥാനത്തിന് വീണ്ടും കടമെടുക്കാൻ അനുവാദം നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രത്തിന് ഭരണഘടന അവകാശം നൽകുന്നില്ലെന്നും സംസ്ഥാനങ്ങളുടെ കടം രാജ്യത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുന്നുവെന്ന വാദം സാങ്കല്പികമാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.