പത്തനംതിട്ട: ജനാധിപത്യം, മതേതരത്വം സോഷ്യലിസം തുടങ്ങിയ ഭരണഘടന മൂല്യങ്ങളെ ചേർത്തുപിടിക്കാനുള്ള അവസരമായി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ കാണണമെന്ന് മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത. പമ്പാ മണപ്പുറത്ത് തയാറാക്കിയ പന്തലിൽ 129ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, നിൽക്കണമോ അതോ പോകണമോ എന്ന് ജനാധിപത്യം ലോകത്തോട് ചോദിക്കുന്ന അവസ്ഥയാണെന്നും അഭിപ്രായപ്പെട്ടു.
ഗ്രഹാം സ്റ്റെയിൻസും കുടുംബവും കൊലചെയ്യപ്പെട്ടതിന്റെ വാർഷികത്തിൽ ആ ഓർമ വേദനയായി നിൽക്കുന്നു. ഗസ്സ ഉൾപ്പെടെ ലോകത്ത് 21 സ്ഥലങ്ങളിൽ ഇപ്പോൾ യുദ്ധം നടക്കുന്നുണ്ട്. ഗസ്സയിൽ അഭയാർഥി ക്യാമ്പുകൾ ആക്രമിക്കപ്പെടുന്നതും കുഞ്ഞുങ്ങൾ പോലും കൂട്ടക്കുരുതിക്ക് ഇരയാകുന്നതും ദുഃഖകരമായ അവസ്ഥയാണ്. യുവാക്കൾക്ക് സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു. അവർ നിരാശയിലാണ്. ഈ സാഹചര്യത്തിൽ ഉപരിപഠനത്തിനായി നാടുവിടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതും ആശങ്കജനകമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ജനങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും വ്യക്തികൾക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യേണ്ടത് ഭരണം നടത്തുന്നവരുടെ ഉത്തരവാദിത്തമാണ്. ചിലപ്പോഴെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുന്ന സംഭവങ്ങൾ ഉണ്ടാകുന്നു.
ന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണ്. പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ നടപടിയുണ്ടാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാരായ ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണൻ, മുൻ എം.എൽ.എമാരായ പി.സി. ജോർജ്, ജോസഫ് എം. പുതുശ്ശേരി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ സംബന്ധിച്ചു. കൺവെൻഷൻ 18ന് സമാപിക്കും.