മുംബൈ∙ മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പാർട്ടിയിൽ നിന്നു രാജിവച്ചു. ബിജെപിയിൽ ചേർന്നേക്കും. ബിജെപി എംപിയായി രാജ്യസഭയിലേക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്. മുതിർന്ന നേതാവായ മിലിന്ദ് ദിയോറ കഴിഞ്ഞ മാസം കോണ്‍ഗ്രസിൽനിന്ന് രാജിവച്ച് ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് അശോക് ചവാന്റെ നീക്കമുണ്ടായിരിക്കുന്നത്.
മഹാരാഷ്ട്ര പിസിസി മുൻ അധ്യക്ഷനാണ് അശോക് ചവാൻ. അദ്ദേഹം ബിജെപിയിൽ ചേക്കേറുമെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതിന്റെ സൂചനകൾ നൽകിയിരുന്നു. കോൺഗ്രസിലെ പല നേതാക്കളും പാർട്ടിക്കുള്ളിൽ ശ്വാസംമുട്ടുകയാണെന്ന് ഫഡ്നാവിസ് പറഞ്ഞിരുന്നു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ മഹാരാഷ്ട്രയിൽ കോൺഗ്രസിനു കനത്ത തിരിച്ചടിയാണ് അശോക് ചവാന്റെ രാജി.
പിസിസി അധ്യക്ഷൻ നാനാ പഠോളെയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ചവാന്റെ രാജിക്കു പിന്നിലെന്നും വിവരമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പു കൂടാതെ സംസ്ഥാന രാഷ്ട്രീയത്തിലും ചവാന്റെ രാജി വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും. കോൺഗ്രസ് – ഉദ്ധവ് വിഭാഗം ശിവസേന – ശരദ് പവാർ വിഭാഗം എൻസിപി എന്നിവ ചേർന്ന മഹാവികാസ് അഖാഡിയുടെ നിലനിൽപ്പിനെ ബാധിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.