സ്വവര്‍ഗ പ്രണയവും ലൈംഗികതയുമെല്ലാം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാലമാണിത്. ലോകത്താകമാനം ഈ വിഷയങ്ങളില്‍ പുതിയ കാഴ്ചപ്പാടുകളും മനുഷ്യത്വപരമായ മാറ്റങ്ങളും വന്നുചേരുന്നതും നമുക്ക് കാണാൻ സാധിക്കും. എങ്കിലും പല രാജ്യങ്ങളും ഇപ്പോഴും നിയമപരമായി സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നില്ല.
ഇന്ത്യയിലും പോയ വര്‍ഷം വളരെ ശ്രദ്ധേയമായ സുപ്രീകോടതി വിധി ഇത് സംബന്ധിച്ച് വന്നിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം പാര്‍ലമെന്‍റിനാണ് എന്നായിരുന്നു സുപ്രീകോടതി അറിയിച്ചത്.
സ്വവര്‍ഗ പ്രണയത്തെ നിയമപരമായി ഇന്ത്യയില്‍ നിലവില്‍ എതിര്‍ക്കപ്പെടുന്നില്ല. എന്നാല്‍ സാമൂഹികമായ എതിര്‍പ്പ് ഇപ്പോഴും തുടരുകയാണ്. അതേസമയം ഇവരുടെ വിവാഹമോ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനോ നിയമപരമായ അംഗീകാരമായിട്ടില്ല.
ഇപ്പോഴിതാ യാഥാസ്ഥിതികതയുടെ ഭിത്തി പൊളിച്ചുകൊണ്ട് ഗ്രീസും സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കുന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ് എന്ന വാര്‍ത്തയാണ് വരുന്നത്. രാജ്യത്തെ ഏറ്റവും ശക്തമായിട്ടുള്ള ഓര്‍ത്തഡോക്സ് പള്ളിയുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് ഗ്രീസില്‍ പാര്‍ലമെന്‍റില്‍ സ്വവര്‍ഗ വിവാഹത്തിനും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതും നിയമവിധേയമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ശ്രദ്ധേയമായ തീരുമാനമുണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ പ്രതിനിധികള്‍ വരെ തീരുമാനത്തെ അംഗീകരിച്ച് വോട്ട് രേഖപ്പെടുത്തിയതോടെയാണ് ചരിത്രപരമായ മാറ്റത്തിന് ഗ്രീസ് ഒരുങ്ങുന്നത്. രാജ്യത്തെ എല്‍ജിബിടിക്യൂ സമുദായങ്ങള്‍ ആകെയും തീരുമാനത്തെ ആഹ്ളാദപൂര്‍വം വരവേല്‍ക്കുകയാണ്.
സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന മുപ്പത്തിയേഴാമത് രാജ്യമാവുകയാണ് ഇതോടെ ഗ്രീസ്. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ യാഥാസ്ഥിതിക ക്രിസ്ത്യൻ രാജ്യവും ആയിരിക്കും ഗ്രീസ്. ഭരണപക്ഷത്ത് നിന്ന് തന്നെ ബില്ലിനെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു. ഇത് ഇനിയും ഭരണപക്ഷത്ത് ഭിന്നതയിലേക്കേ നയിക്കൂ എന്നാണ് കരുതപ്പെടുന്നത്.