അമിതാഭ് ബച്ചൻ–ജയ ബച്ചൻ ദമ്പതികളുടെ ആസ്തി കേട്ട് ഞെട്ടി ആരാധകർ. തുടർച്ചയായി അഞ്ചാം തവണയും സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്തു വിവരം വെളിപ്പെടുത്തിയത്. ഭർത്താവ് അമിതാഭ് ബച്ചന്റേത് ഉൾപ്പടെ 1,578 കോടി രൂപയുടെ സ്വത്തുവിവരമാണ് ജയ ബച്ചൻ സമർപ്പിച്ചത്.
ചൊവ്വാഴ്ച ജയാ ബച്ചൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്മശ്രീ പുരസ്‌കാരം ലഭിച്ച 75 കാരിയായ ജയ ബച്ചൻ 2004 മുതൽ പാർട്ടി അംഗമാണ്. ജയ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, 2022-23 സാമ്പത്തിക വർഷത്തിൽ സ്വന്തം ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ്. ഇതിൽ ജയയുടെയും അമിതാബിന്റെയും ആഭരണങ്ങളും കാറുകളും ഉൾപ്പെടുന്നു.
അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ജംഗമ വസ്തുക്കളുടെ ആസ്തി 849.11 കോടി രൂപയാണ്. ഇവരുടെ സ്ഥാവര ആസ്തി 729.77 കോടി രൂപയാണ്. ജയ ബച്ചന്റെ ബാങ്ക് ബാലൻസ് പത്തുകോടിയിൽ പരം രൂപയും അമിതാഭ് ബച്ചന്റേത് 120 കോടി രൂപയിലധികവുമാണ്.
40.97 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലയുള്ള ഒരു ഫോർ വീലറും ജയയുടെ വെളിപ്പെടുത്തിയ ആസ്തിയിൽ പെടുന്നു. അമിതാഭിന് 54.77 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരവും രണ്ട് മെഴ്‌സിഡീസും റേഞ്ച് റോവറും ഉൾപ്പെടെ 16 വാഹനങ്ങളുടെ ആകെ മതിപ്പ് വില 18 കോടിയോളം രൂപയാണ്.