ആലപ്പുഴ: കാവാലത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായ നിയമ വിദ്യാർഥിനി ആതിര തിലകൻ ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ കാവാലം പത്തിൽചിറ വീട്ടിൽ പി.എൻ.അനന്തുവിനെ (26) കൈനടി പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് അറസ്റ്റ്.
ജനുവരി 5ന് ആണു കാവാലം രണ്ടരപ്പറയിൽ ആർ.വി.തിലകിന്റെ മകൾ ആതിര (25) ജീവനൊടുക്കിയത്. അനന്തുവും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ ആതിരയും തമ്മിലുള്ള വിവാഹ നിശ്ചയം 2 വർഷം മുൻപു നടന്നിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ഇടയ്ക്കിടെ ആതിരയുടെ വീട്ടിൽ എത്താറുണ്ടായിരുന്ന അനന്തു സംഭവ ദിവസവും എത്തിയിരുന്നു. ആതിരയുടെ മുത്തച്ഛൻ ആർ.കെ.വാസു (91) മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്.
മത്സ്യവ്യാപാരികളായ അച്ഛനും അമ്മയും ജോലിക്കു ശേഷം രാത്രി വീട്ടിലെത്തിയപ്പോഴാണ് ആതിരയെ വീടിന്റെ മുകളിലത്തെ നിലയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവദിവസം വീട്ടിൽവച്ച് വാക്കു തർക്കമുണ്ടായെന്നും അനന്തു ആതിരയെ മർദിച്ചെന്നും മുത്തച്ഛൻ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനന്തുവിനെതിരെ കേസെടുത്തത്. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം 13നു ആതിരയുടെ മുത്തച്ഛൻ വാർധക്യ സഹജമായ രോഗങ്ങൾമൂലം മരിച്ചിരുന്നു. അനന്തുവിനെ രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ എ.ജെ.ജോയ്, എം.പി.സജിമോൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എം.എഫ്.ജോസ്‌ലിൻ, പി.ടി.അനൂപ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.