വന്യമൃഗ ശല്യങ്ങളിൽ കർഷകരുടെ പ്രതിഷേധം സർക്കാർ കേൾക്കുന്നില്ലെന്നും വാച്ചർ പോളിന്റെ മരണത്തിൽ വീഴ്ച സംഭവിച്ചുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി. എയർ ആംബുലൻസ് സൗകര്യം ഒരുക്കിയില്ല. സാധാരണ മനുഷ്യന്റെ ജീവന് സർക്കാർ നൽകുന്ന വിലയുടെ സൂചനയാണിത്. പ്രതിഷേധങ്ങൾക്ക് യാതൊരു വിലയും സർക്കാർ നൽകുന്നില്ലെന്നും സർക്കാരിന്റെ കർഷകദ്രോഹ സമീപനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതിൽ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന് ചികിത്സ വൈകിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അടുത്ത മാസം വയനാട്ടിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.