റിയാദ്: സൗദിയില്‍ കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഭാഗങ്ങള്‍ക്കും ചട്ടംലഘിച്ചുള്ള രൂപമാറ്റത്തിനും ഇനിമുതല്‍ പിഴ. താമസ വാണിജ്യ കെട്ടിടങ്ങളുടെ ഭംഗികെടുത്തുന്ന എന്തും നിയമലംഘനമായി പരിഗണിക്കും. ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിയമം നാളെ(ഞായര്‍) മുതല്‍ പ്രാബല്യത്തിലാകും.
സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ച ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് നാളെ(ഞായര്‍) മുതല്‍ നിര്‍ബന്ധമാകും. സര്‍ട്ടിഫക്കറ്റ് സ്വന്തമാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സാവകാശം നാളെ അവസാനിക്കും.
കെട്ടിടങ്ങളില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ലെന്നും ചട്ടംലഘിച്ചുള്ള രൂപമാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ലെന്നും തെളിയിക്കുന്നതാണ് സര്‍ട്ടിഫിക്കറ്റ്. നഗരങ്ങളിലെ ഭൂപ്രകൃതിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുക, നഗരത്തിന്റെ രൂപഭംഗിയും നാഗരികതയും നിലനിര്‍ത്തുക, ആരോഗ്യകരവും ശുചിത്വവുമുള്ള സുസ്ഥിര നഗരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രഖ്യാപിച്ച നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും. മന്ത്രാലയം നിര്‍ദ്ദേശിച്ച പത്തൊന്‍പത് നിയമ ലംഘനങ്ങളില്‍ നിന്നും കെട്ടിടങ്ങള്‍ മുക്തമായിരിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. പ്രധാന റോഡിന് അഭിമുഖമായി കെട്ടിടത്തില്‍ എയര്‍കണ്ടീഷനുകള്‍ സ്ഥാപിക്കുക, ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യമില്ലാതിരിക്കുക, പാര്‍ക്കിംഗ് ഉപയോഗത്തില്‍ മാറ്റം വരുത്തല്‍ തുടങ്ങിയവ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും.