തിരുവനന്തപുരം∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി എൻ.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേണി ജോണാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കൊല്ലത്തെ സിറ്റിങ് എംപിയായ പ്രേമചന്ദ്രൻ തുടർച്ചയായ മൂന്നാം തവണയാണ് ലോക്സഭയിലേക്കു മൽസരിക്കുന്നത്.
യുഡിഎഫിൽ സീറ്റുവിഭജനം പൂർത്തിയായതോടെ തന്നെ കൊല്ലത്ത് പ്രേമചന്ദ്രൻ വീണ്ടും മത്സരിക്കുമെന്ന് ആർഎസ്പി നേതൃത്വം വ്യക്തമാക്കിയിരുന്നു. ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് എൻ.കെ.പ്രേമചന്ദ്രൻ. 1996, 1998, 2014, 2019 വർഷങ്ങളിൽ പ്രേമചന്ദ്രൻ കൊല്ലത്തുനിന്നു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000ല്‍ രാജ്യസഭാംഗവുമായിരുന്നു. 2006 – 2011 കാലയളവിൽ വിഎസ് മന്ത്രിസഭയിൽ ജലവിഭവ വകുപ്പും കൈകാര്യം ചെയ്തു. 17ാം ലോക്സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി സന്‍സദ് മഹാരത്ന പുരസ്‌കാരം അടക്കം പ്രേമചന്ദ്രനു ലഭിച്ചിരുന്നു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഎ ബേബിയെയും 2019ൽ കെ.എൻ. ബാലഗോപാലിനെയുമാണ് പ്രേമചന്ദ്രനെതിരെ സിപിഎം കളത്തിലിറക്കിയത്. മുതിർന്ന നേതാക്കൾ വരെ അടിപതറിയ മണ്ഡലത്തിൽ ഇത്തവണ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെയാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്നത്.