ജറുസലെം: വെടിനിർത്തൽ ചർച്ച വഴിമുട്ടിയതിനു കാരണം ഹമാസിന്‍റെ കടുംപിടിത്തമാണെന്നും യുദ്ധത്തിൽ നിന്ന് പിറകോട്ടില്ലെന്നും പ്രഖ്യാപിച്ച് നെതന്യാഹു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം തങ്ങൾ അംഗീകരിക്കില്ലെന്നും ഇസ്രായേൽ അറിയിച്ചു. ഹിറ്റ്ലറുടെ കൊടും ക്രൂരതയുടെ ആവർത്തനമാണ് ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യയെന്ന് ബ്രസീൽ പ്രസിഡന്‍റ് ലുല ഡാ സിൽവ വ്യക്തമാക്കി. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിൽ നാളെ യു.എൻ രക്ഷാസമിതിയിൽ വോട്ടെടുപ്പ് നടക്കും. അതേസമയം ഗസ്സയിൽ മരണം 29,000ത്തിലേക്ക് കടന്നു.
കെയ്റോ കേന്ദ്രീകരിച്ചു നടന്ന വെടിനിർത്തൽ ചർച്ച വഴിമുട്ടിയതോടെ, അന്താരാഷ്ട്ര സമ്മർദം മറികടന്നും റഫക്കു നേരെയുള്ള ആക്രമണവുമായി മുന്നോട്ടു നീങ്ങുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. ഹമാസുമായി വെടിനിർത്തൽ കരാറിലൂടെ ബന്ദിമോചനം ഉറപ്പാക്കണമെന്ന ആവശ്യവും നെതന്യാഹു തള്ളി. യുദ്ധത്തിലൂടെ ഹമാസിനെ സൈനികമായ ദുർബലപ്പെടുത്താനായെന്നും സമ്പൂർണ വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു അറിയിച്ചു. മുസ്ലിം വ്രതമാസത്തിൽ മസ്ജിദുൽ അഖ്സയിൽ പ്രാർഥന നടത്താൻ ഫലസ്തീൻ ജനതക്ക വിലക്ക് ഏർപ്പെടുത്തണമെന്ന മന്ത്രി ബെൻഗവിറിന്റെ നിർദേശം പ്രധാനമന്ത്രി നെതന്യാഹു അംഗീകരിച്ചതായി ഇസ്രായേൽ ചാനൽ 13റിപ്പോർട്ട് ചെയ്തു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാൻ ഇസ്രായേലിന്റെ അനുമതി ആവശ്യമില്ലെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.