കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് കർഷകർ. കർഷക നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള നാലാംവട്ട ചർച്ചയാണ് എങ്ങുമെത്താതെ പിരിഞ്ഞത്. സർക്കാർ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതായി കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ അറിയിച്ചു.
23 വിളകൾക്ക് MSP ഉറപ്പാക്കണമെന്ന് KMM നേതാവ് സർവാൻ സിംഗ് പന്ദർ ആവശ്യപ്പെട്ടു. 21 വരെ കർഷകർ ശംഭു അതിർത്തിയിൽ തുടരും.
സർക്കാരിൻ്റെ മറുപടിക്കായി കാത്തിരിക്കും. എന്നിട്ടും തീരുമാനം ആയില്ലെങ്കിൽ ഡൽഹിയിലേക്ക് പോകുമെന്നും കർഷകർ അറിയിച്ചു.
കർഷക പ്രക്ഷോഭത്തെ തുടർന്ന് ഹരിയാന സർക്കാർ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം നീട്ടിയിരിക്കുകയാണ്. ഫെബ്രുവരി 19 വരെ ഏഴ് ജില്ലകളിൽ മൊബൈൽ ഇൻ്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ എന്നിവയാണ് താൽക്കാലികമായി നിർത്തിവച്ചത്.
അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളിലാണ് നിരോധനം. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറി ടിവിഎസ്എൻ പ്രസാദ്. ഇൻ്റർനെറ്റ് സേവനങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും പൊതു ക്രമം തകരാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു.