ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് കർഷക വിരുദ്ധ നിലപാടുകൾക്ക് എതിരെ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് കർഷകർ പോലീസിന്റെ നിയന്ത്രണങ്ങൾ മറികടക്കാൻ അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്. കർഷക മുന്നേറ്റത്തെ നേരിടാൻ പോലീസും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
നാലാമത്തെ ചർച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കർഷകർ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറായത്. ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡൽഹിയിൽ തങ്ങളെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കുക എന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വെച്ചിരിക്കുന്നത്.
കർഷകരുടെ മുന്നേറ്റത്തെ തടയാൻ റോഡിൽ ഇതിനോടകം കോൺക്രീറ്റ് ബാരിക്കേടുകളും മുൾവേലികളും പോലീസ് നിരത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൃഷിയിടങ്ങൾ വഴി ഡൽഹിയിലേക്ക് കടക്കാനും കർഷകർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഹൈഡ്രോളിക് ക്രെയിൻ മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവ റോഡിലെ തടസ്സങ്ങൾ നീക്കുന്നതിനായി കർഷകർ പഞ്ചാബ് ഹരിയാന അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്.
ഇന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് കണ്ണീർവാതകം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായാലും മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ ആണ് കർഷകരുടെ നീക്കം. അഞ്ചുവർഷത്തേക്ക് സഹകരണ സംഘങ്ങൾ വഴി സംഭരിക്കുന്നതിനായി നിശ്ചിത തുക വകയിരുത്താമെന്ന കേന്ദ്രസർക്കാർ നിർദ്ദേശവും കർഷകർ ഇതിനോടകം തല്ലിയിട്ടുണ്ട്. ട്രാക്ടറുകളും ട്രോളികളും തടയുമെന്ന കോടതി മുന്നറിയിപ്പിനെ തൃണവൽകരിച്ചുകൊണ്ടാണ് കർഷക പ്രക്ഷോഭം. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ കർഷക പ്രക്ഷോഭം തടയാനുള്ള നീക്കങ്ങൾ ബിജെപിയും ഊർജിതമാക്കിയിട്ടുണ്ട്.