ന്യൂഡൽഹി: രണ്ട് ദിവസത്തേക്ക് ഡൽഹി ചലോ ട്രാക്ടർ മാർച്ച് നിർത്തിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഖനൗരിയിൽ യുവ കർഷകൻ കൊല്ലപ്പെട്ടതാണ് കാരണം.
നിലവിലെ സാഹചര്യത്തിൽ കർഷകർ പ്രതിഷേധിക്കുന്ന സ്ഥലത്ത് തന്നെ രണ്ടു ദിവസം കൂടി തുടരും. വെള്ളിയാഴ്ച പ്രതിഷേധം പുനരാരംഭിക്കാനാണ് തീരുമാനം.
പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലാണ് സംഘർഷമുണ്ടായത്. കൃഷിയിടത്തിൽ പൊലീസും കർഷകരും ഏറ്റുമുട്ടി. ഇതിനിടയിലാണ് 24കാരനായ കർഷകൻ മരിച്ചത്. ഭട്ടിൻഡ സ്വദേശി ശുഭ്കരൺ സിങ്ങാണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിയപ്പോൾ തന്നെ ഇദ്ദേഹം മരിച്ചിരുന്നു. എന്നാൽ, മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. സംഘർഷത്തിൽ 30 കർഷകർക്കും 12 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണീർവാതക ഷെല്ല് തലയിൽ കൊണ്ടാണ് മരണമെന്ന് കർഷകരുടെ ആരോപിക്കുന്നു.