ഹേഗ്: യു.എന്നിൽ 14 രാജ്യങ്ങളും അനുകൂലിച്ചിട്ടും ഗസ്സ വെടിനിർത്തൽ പ്രമേയത്തെ ഒറ്റക്ക് വീറ്റോ ചെയ്ത് തോൽപിച്ചതിനു പിന്നാലെ അന്താരാഷ്ട്ര കോടതിയിലും ഇസ്രായേൽ വംശഹത്യയുടെ കാവലാളായി അമേരിക്ക. ഇസ്രായേലിനെതിരെ വംശഹത്യ കേസിൽ ആറുദിവസം നീളുന്ന വാദങ്ങൾ പുരോഗമിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യു.എസിനായി എത്തിയ സ്റ്റേറ്റ് വകുപ്പ് ഇടക്കാല നിയമ ഉപദേഷ്ടാവ് റിച്ചാർഡ് സി വിസെകാണ് ഘോരഘോരം ഇസ്രായേലിനായി വാദിച്ചത്. വാദങ്ങളിൽ പങ്കെടുക്കില്ലെന്ന് ഇസ്രായേൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സ്ഥാനം സ്വയം ഏറ്റെടുത്താണ് യു.എസ് പ്രതിനിധി വാദങ്ങൾ നിരത്തിയത്.
അധിനിവിഷ്ട ഭൂമികളിൽനിന്ന് ഇസ്രായേലിന്റെ നിരുപാധിക പിന്മാറ്റം ആവശ്യപ്പെടുന്നതിനു പകരം തങ്ങൾ മുന്നോട്ടുവെച്ച ‘ദ്വിരാഷ്ട്ര ചട്ടക്കൂട്’ അംഗീകരിക്കണമെന്ന് വിസെക് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം യു.എൻ രക്ഷാസമിതിയിലും ഇതേ ന്യായവുമായാണ് അമേരിക്ക ഒറ്റക്ക് വെടിനിർത്തൽ വീറ്റോ ചെയ്തത്. അന്താരാഷ്ട്ര കോടതിയിൽ ഫിജി മാത്രമാണ് അമേരിക്കക്കൊപ്പം നിലയുറപ്പിച്ചത്.
ഇസ്രായേൽ തുടരുന്നത് അപാർതൈറ്റ് മാത്രമാണെന്ന് പറയുന്നത് ഫലസ്തീനി ജനതയെ ഉന്മൂലനം ചെയ്യാൻ അവർ നടത്തുന്ന ശ്രമങ്ങളെ മറച്ചുവെക്കുന്നതാകുമെന്ന് ക്യൂബയുടെ പ്രതിനിധി റോഡ്രിഗസ് കാമിയോ പറഞ്ഞു. ആധുനിക യുഗത്തിലെ ഏറ്റവും ദൈർഘ്യമേറിയ അധിനിവേശമാണ് ഫലസ്തീനിലേതെന്ന് ഈജിപ്ത് പ്രതിനിധി ജാസ്മിൻ മൂസ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര കോടതിയിൽ 15 അംഗ ജഡ്ജ് പാനൽ നയിക്കുന്ന വാദങ്ങൾ തിങ്കളാഴ്ച അവസാനിക്കും.