വിവാഹിതയാതിന്റെ പേരിൽ മിലിട്ടറി നഴ്‌സിംഗ് സർവീസിൽ നിന്ന് പിരിച്ചുവിട്ട ലെഫ്റ്റനെന്റ് സെലീന ജോണിന് കേന്ദ്രസർക്കാർ 60 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന്സുപ്രീംകോടതി ഉത്തരവ്. 1988-ൽ വിവാഹം ചെയ്തതിന്റെ പേരിലാണ് സെലീനയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. വിവാഹിതയായതിന്റെ പേരിൽ വനിത ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇത്തരമൊരു പുരുഷാധിപത്യ ഭരണം അംഗീകരിക്കുന്നത് ലിംഗ വിവേചനമാണെന്നും കോടതി നിരീക്ഷിച്ചു. സായുധ സേനാ ട്രിബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെ ആണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ആനുകൂല്യങ്ങളും നൽകികൊണ്ട് അന്തിമമായി പ്രഖ്യാപിച്ച തുക ലെഫ്റ്റനൻ്റ് സെലീന ജോണിന് നൽകണമെന്ന് ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദിപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അതേസമയം 1977ലെ ആർമി ഇൻസ്ട്രക്ഷൻ നമ്പർ 61ല്‍ മിലിട്ടറി നഴ്‌സിംഗ് സർവീസിലെ സേവന നിബന്ധനകളും വ്യവസ്ഥകളും അനുശാസിക്കുന്ന ഒരു നിയമം നിലനിന്നിരുന്നു. എന്നാൽ 1955- ൽ ഇത് പിൻവലിക്കുകയും ചെയ്തിട്ടുണ്ട് . അതിനാൽ ഇവരെ സർവീസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യം സായുധ സേനാ ട്രിബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. വിഷയത്തിൽ പരാതിക്കാരിയെ മിലിട്ടറി നഴ്‌സിംഗ് സർവീസിൽ പിരിച്ചുവിട്ട നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
“സ്ത്രീ വിവാഹിതയായതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ലിംഗ വിവേചനവും അസമത്വവും ആണ് ” എന്നും കോടതി പറഞ്ഞു. 1982 ൽ ഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ ട്രെയിനിയായി ചേർന്ന സെലീന, 1985-ൽ എംഎൻഎസിലെ ലെഫ്റ്റനന്റ് റാങ്ക് കരസ്ഥമാക്കിയതിനെത്തുടർന്ന് സെക്കന്തരാബാദിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിയമിതയായി. പിന്നീട് 1988 ൽ ഇവർ ഒരു ആർമി ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് മുൻകൂട്ടി അറിയിക്കുകയോ കാരണം കാണിക്കല്‍ നോട്ടീസോ നൽകാതെ തന്നെ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു എന്നാണ് പരാതി.
ഈ നടപടിക്കെതിരെ സെലീന അലഹബാദ് ഹൈക്കോടതിയിൽ ആണ് ആദ്യം ഹർജി സമർപ്പിച്ചത്. എന്നാൽ ട്രിബ്യൂണലിനെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചത് പ്രകാരം ലഖ്‌നൗവിലെ എഎഫ്‌ടിയിൽ അവർ ഒരു ഹർജി സമർപ്പിച്ചു. ഇതിൽ 2016 ൽ സെലീനയ്ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും തുടർന്ന് സർവീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു . എന്നാൽ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതോടെ ജോലിയിൽ നിന്നുള്ള പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് വിലയിരുത്തുകയും ജോലിയിൽ തിരിച്ചെടുക്കുന്നതിന് പകരം നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകണമെന്ന് ഉത്തരവിടുകയുമായിരുന്നു.