ദുബൈ: ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിന് രണ്ടുവയസ്. രണ്ട് മില്യൺ സന്ദർശകർ എന്ന റെക്കോർഡിട്ടാണ് ഫ്യൂച്ചർ മ്യൂസിയം രണ്ടാം വർഷം പിന്നിടുന്നത്. ഇന്ന് ദുബൈ നഗരത്തിന്റെ പ്രധാന ഐക്കണുകളിൽ ഒന്നാണ് വേറിട്ട ഈ നിർമിതി.
ഭാവി ലോകത്തെ അടയാളപ്പെടുത്താനും അതിലേക്കുള്ള ഗവേഷണങ്ങളും ലക്ഷ്യമിട്ടാണ് ദുബൈ നഗരത്തിൽ ഫ്യൂച്ചർ മ്യൂസിയം നിർമിച്ചത്. 2017 ൽ നിർമാണമാരംഭിച്ച ഇതിന്റെ നിർമാണം പൂർത്തിയാക്കി 2022 ഫെബ്രുവരി 22 പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഇതിനിടെ 172 രാജ്യങ്ങളിൽ നിന്നായി 20 ലക്ഷം പേർ മ്യൂസിയം സന്ദർശിച്ചു എന്നാണ് കണക്ക്. ഇതിൽ 40 രാഷ്ട്രനേതാക്കളും ഉൾപ്പെടും. ശ്രദ്ധേയമായ 280 പരിപാടികൾക്ക് ഫ്യൂച്ചർ മ്യൂസിയം വേദിയായി. 370 അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും ഈ അപൂർവ കേന്ദ്രത്തെ ലോകത്തിന് പരിചയപ്പെടുത്താൻ മ്യൂസിയത്തിലെത്തി എന്ന് അധികൃതർ പറഞ്ഞു.