ന്യൂഡൽഹി: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിൽ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സീറ്റ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ ആം ആദ്മി പാര്‍ട്ടി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കുന്നതിനാണ് ധാരണയിലെത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി, വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി, പടിഞ്ഞാറന്‍ ഡല്‍ഹി, തെക്കന്‍ ഡല്‍ഹി സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും കിഴക്കന്‍ ഡല്‍ഹി, വടക്ക് കിഴക്കന്‍ ഡല്‍ഹി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ വസതിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇന്നു വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഡല്‍ഹിയിലെ സീറ്റ് ധാരണകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. വളരെ വേഗം ധാരണയിലെത്തുമെന്നാണ് പ്രതീക്ഷ’യെന്നായിരുന്നു എഎപി നേതാവ് അതിഷി മർലേന വ്യക്തമാക്കിയത്. കോണ്‍ഗ്രസും ആം ആദ്മിയും ഡല്‍ഹിയില്‍ ധാരണയിലെത്തുന്നത് ഇന്‍ഡ്യ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ യുപിയില്‍ കോണ്‍ഗ്രസും-എസ് പിയും സീറ്റ് ധാരണയില്‍ എത്തിയിരുന്നു. 17 സീറ്റാണ് എസ് പി കോണ്‍ഗ്രസിന് മത്സരിക്കാനായി നല്‍കിയിരിക്കുന്നത്.