മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഹിന്ദുജ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.
ജോഷിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ നടക്കും.ബുധനാഴ്ചയാണ് ജോഷിയെ മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.1995 മുതൽ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. പാർലമെൻ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതൽ 2004 വരെ ലോക്‌സഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1937 ഡിസംബർ 2 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ നന്ദ്വിയിൽ ജനിച്ച ജോഷി മുംബൈയിലായിരുന്നു വിദ്യാഭ്യാസം നേടിയത്. ഭാര്യ അനഘ ജോഷി. അനഘ 2020ലാണ് മരിച്ചത്. ഒരു മകനും രണ്ട് പെണ്‍മക്കളുമാണ് ദമ്പതികള്‍ക്കുള്ളത്. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മനോഹർ ജോഷി 1967ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 40 വർഷത്തോളം ശിവസേനയുടെ ഭാഗമായിരുന്നു. 1968-70 കാലത്ത് മുംബൈയിൽ മുനിസിപ്പൽ കൗൺസിലറും 1970 ൽ സ്റ്റാൻഡിംഗ് കമ്മിറ്റി (മുനിസിപ്പൽ കോർപ്പറേഷൻ) ചെയർമാനുമായിരുന്നു.1976-77 വരെ മുംബൈ മേയറായും പ്രവർത്തിച്ചു.
തുടർന്ന് അദ്ദേഹം 1972-ൽ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ലെജിസ്ലേറ്റീവ് കൗൺസിലിൽ സേവനമനുഷ്ഠിച്ച ശേഷം ജോഷി 1990-ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1990-91 കാലത്ത് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.