Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്ലസ് വൺ പാഠം തയ്യാറാക്കിയതിലെ പ്രചാരണം തെറ്റ്, അതൊരു പിശകാണ്, 'സാമ്പത്തിക സംവരണം' തിരുത്തുമെന് മന്ത്രി

പ്ലസ് വൺ പാഠം തയ്യാറാക്കിയതിലെ പ്രചാരണം തെറ്റ്, അതൊരു പിശകാണ്, ‘സാമ്പത്തിക സംവരണം’ തിരുത്തുമെന് മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ് സി ഇ ആർ ടിക്ക്  നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ വർഗീയതയെ ചെറുക്കാൻ സഹായിക്കുമെന്ന പരാമര്‍ശം നേരത്തെ വാര്‍ത്തയായിരുന്നു.  സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നായിരുന്നു  വര്‍ഗീയതയെ ചെറുക്കാനുള്ള നിര്‍ദേശങ്ങളിൽ ഒന്നായി എഴുതിയത്.

പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ തയ്യാറാക്കിയ ‘സോഷ്യൽവർക്ക്’ പാഠപുസ്തകമാണ് ഇപ്പോഴും നമ്മുടെ  വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതെന്ന് മന്ത്രി വാര്‍ത്താ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി വിദ്യാലയങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പാഠപുസ്തകത്തിലെ പ്രസ്തുത പാഠഭാഗത്തിലെ പിശക് ഇപ്പോഴാണ് ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ വേണ്ട തിരുത്തലുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കേരളത്തിലെ ഹയർ സെക്കൻഡറി മേഖലയിൽ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾ മാത്രമാണ് നാം ഉപയോഗിച്ചിരുന്നത്. 

കുട്ടികൾക്ക് മാതൃഭാഷയിൽ പഠിക്കാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2014ൽ ഇംഗ്ലീഷ് മാധ്യമത്തിൽ തയാറാക്കിയ പാഠപുസ്തകങ്ങൾ യാതൊരു മാറ്റവും വരുത്താതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത്തരത്തിൽ തയ്യാറാക്കിയ എല്ലാ മലയാളം പാഠപുസ്തകങ്ങളും എസ് സി ഇ ആർ ടി വെബ്സൈറ്റിലാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പാഠപുസ്തകം 2019 -ൽ തയാറാക്കിയതാണെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്.

ഹയർ സെക്കൻഡറി മേഖല ഉൾപ്പെടെയുള്ള എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെ ആകെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിലൂടെ നിലവിലെ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്കരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments