ഗുരുവായൂർ : ക്ഷേത്രത്തിലെ കലശത്തിനും ഉത്സവത്തിനും പ്രതീക്ഷിക്കുന്ന ചെലവ് 4.11 കോടി രൂപ. ഇതിൽ പ്രസാദ ഊട്ടിനും പകർച്ച സദ്യയ്ക്കുമായി 2.97 കോടി രൂപയാണ് ചെലവ്. ക്ഷേത്ര ചടങ്ങുകൾക്ക് 28.11 ലക്ഷം രൂപയും കലാപരിപാടികൾക്ക് 42 ലക്ഷം രൂപയും വൈദ്യുതാലങ്കാരത്തിന് 19 ലക്ഷവും വാദ്യത്തിന് 25 ലക്ഷവുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഉത്സവം അന്നദാനത്തിന്റെ ഭാഗമായി തെക്കേനടയിലെ പന്തലിൽ കാലത്ത് കഞ്ഞിയും ഇടിച്ചക്ക മുതിരപ്പുഴുക്കും വിളമ്പും. കഞ്ഞികുടിക്കാൻ പച്ചപ്ലാവില കുത്തിയത്. പപ്പടവും നാളികേരപ്പൂളും ശർക്കരയും ഇലച്ചീന്തിൽ വിളമ്പും. വൈകിട്ട് ചോറ്, രസകാളൻ, ഓലൻ, പപ്പടം എന്നിവ അന്നലക്ഷ്മി ഹാളിൽ. കാലത്തും വൈകിട്ടും ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് ഇതേ വിഭവങ്ങൾ പകർച്ചയായി നൽകും.
ഇതിനായി 92,000 കിലോ അരി, 25,000 കിലോ മുതിര, മത്തൻ 20,000 കിലോ, ഇളവൻ 12,000 കിലോ, ഉപ്പ് 3,600 കിലോ, പപ്പടം 10,000 കിലോ, വെളിച്ചെണ്ണ 9,000 കിലോ ഇടിച്ചക്ക 22,000 കിലോ സാധനങ്ങളാണ് കരുതുന്നത്. 2 ലക്ഷം പാളപ്ലേറ്റുകളുമുണ്ട്. മരട് സ്വദേശികളായ സുബരാജ് എമ്പ്രാന്തിരി, ആനന്ദപൈ എന്നിവരാണ് ദേഹണ്ഡത്തിന്റെ കരാറുകാർ. എട്ടാം വിളക്കിന് വിഭവസമൃദ്ധമായ സദ്യ പകർച്ചയായി നൽകും.