ദോഹ: ലോകകപ്പ് ഫുട്ബോള്‍ വേളയിൽ ഖത്തര്‍ അവതരിപ്പിച്ച ഹയ്യാ വിസയുടെ കാലാവധി അവസാനിച്ചു. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റെടുത്തവര്‍ക്കാണ് ഹയ്യാ, ഹയ്യാ വിത്ത് മി സംവിധാനങ്ങളിലൂടെ ഖത്തറിലേക്ക് വരാന്‍ അവസരമുണ്ടായിരുന്നത്.
ഇന്നലെയായിരുന്നു ഹയ്യാ, ഹയ്യാ വിത്ത് മി വിസയില്‍ ഖത്തറില്‍ തങ്ങാന്‍ സാധിക്കുന്ന അവസാന ദിവസം. ലോകകപ്പ് കാലത്തെ ഹയാ വിസ അവസാനിച്ചെങ്കിലും ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിവിധ വിസകൾ ലഭ്യമാണ്. ഹയ്യാ ടു ഖത്തർ ആപ്പ് വഴിയോ, ഹയ്യാ പോർട്ടൽ വഴിയോ വിവിധ വിസകൾക്ക് അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.
ദോഹ സന്ദർശിക്കുന്നതിന് ആസൂത്രണം ചെയ്യുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും അനുയോജ്യമായ വിവിധ വിസ കാറ്റഗറികളാണ് ഹയ്യ പോർട്ടൽ വാഗ്ദാനം ചെയ്യുന്നത്. ഹയാ ടൂറിസ്റ്റ് വിസ (എ1), ജി.സി.സി റെസിഡന്റ് വിസ ഇ.ടി.എ (എ3), ജി.സി.സി പൗരന്മാരുടെ കൂടെ വരുന്നവർക്കുള്ള എ4 വിസ എന്നിങ്ങനെയാണ് ഹയ്യ പോർട്ടലിലും ഹയ്യ ടു ഖത്തർ ആപ്പിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയും ലഭ്യമാണ്.