ന്യൂഡല്‍ഹി: അമേരിക്കയിലെ സിയാറ്റിലില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി പോലീസ് വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായ പോലീസുകാരനെ വെറുതേ വിട്ടതിനെതിരെ പ്രതികരിച്ച് ഇന്ത്യ. 23-കാരിയായ ജാഹ്നവി കണ്ടുലയുടെ മരണത്തില്‍ കുറ്റാരോപിതനായ സിയാറ്റില്‍ പോലീസിലെ ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവിനെ വെറുതേവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യ, അമേരിക്കയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. മതിയായ തെളിവില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ബുധനാഴ്ചയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് കെവിന്‍ ഡേവിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിച്ചത്.
സിയാറ്റില്‍ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്സിലൂടെ അറിയിച്ചു. നിലവില്‍ കേസ് പുനഃപരിശോധനയ്ക്കായി സിയാറ്റില്‍ സിറ്റി അറ്റോര്‍ണിയുടെ ഓഫീസിന് കൈമാറിയിരിക്കുകയാണ്. പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണ്. കേസിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും ജാഹ്നവിയ്ക്കും കുടുംബത്തിനും നീതി ലഭിക്കാനായി സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നത് തുടരുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
2023 ജനുവരി 23-നാണ് പോലീസിന്റെ പട്രോളിങ് വാഹനമിടിച്ച് ജാഹ്നവി കാണ്ടുല കൊല്ലപ്പെടുന്നത്. മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ജാഹ്നവിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി 100 അടിയോളം അകലേക്ക് തെറിച്ചുവീണു. ജാഹ്നവി മരിക്കുമ്പോള്‍ വാഹനത്തിനകത്തുനിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പരിഹസിച്ച് പൊട്ടിച്ചിരിക്കുന്ന വീഡിയോ പിന്നീട് പുറത്തുവന്നിരുന്നു. ഡാനിയേല്‍ ഓഡറര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യമാണ് പുറത്തുവന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസിലെ മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു ആന്ധ്രയില്‍ വേരുകളുള്ള ജാഹ്നവി
.
ജാഹ്നവി കാണ്ടുലയ്ക്ക് മരണാനന്തരം ഡിഗ്രി നല്‍കാന്‍ സര്‍വ്വകലാശാല നേരത്തേ തീരുമാനിച്ചിരുന്നു. ജാഹ്നവിയുടെ മരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രംഗത്തെത്തിയിരുന്നു