മസ്കത്ത്: ഷാർജ-മസ്കത്ത് ബസ് സർവിസ് ഫെബ്രുവരി 27 മുതൽ ആരംഭിക്കുമെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. മസ്കത്ത്-ഷാർജ റൂട്ടിൽ സർവിസ് ആരംഭിക്കുന്നതിന് ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ഒമാന്‍റെ ദേശീയ ഗതാഗത കമ്പനി ജനുവരിയിൽ കരാറിൽ എത്തിയിരുന്നു.
മസ്കത്തിൽ നിന്നും ശിനാസ് വഴി ഷാർജയിൽ എത്തുന്ന വിധത്തിലാണ് ബസ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വൺവേക്ക് 10 ഒമാൻ റിയാലായിരിക്കും ടിക്കറ്റ് നിരക്ക്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 23 കിലോ ലഗേജും കൊണ്ടുപോകാൻ സാധിക്കും. മുവാസലാത്തിന്‍റെ ഡയറക്ട് ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോം വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ രണ്ടു രാജ്യങ്ങളിലെയും ബസ് സ്റ്റേഷനുകളിലുള്ള ഔട്ട്ലെറ്റുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാക്കും.
മസ്കത്തിലെ അസൈബ സ്റ്റേഷനിൽനിന്ന് ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് പ്രതിദിന സർവിസുകളാണ് ആരംഭിക്കുന്നത്. അതിർത്തിയിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സ്പെഷൽ റൂട്ടുകളും അനുവദിക്കും. ഒമാനിനും യുനൈറ്റഡ് അറബ് എമിറേറ്റ്‌സിനുമിടയിൽ അന്താരാഷ്‌ട്ര ബസ് ഗതാഗത ശൃംഖല വിപുലീകരിക്കാനും ഇരുരാജ്യങ്ങൾക്കുമിടയിലെ ടൂറിസം മുന്നേറ്റം മെച്ചപ്പെടുത്താനും യാത്രക്കാർക്ക് മികച്ച ഗതാഗതസൗകര്യങ്ങൾ ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ മുവാസലാത്ത് അബൂദബിയിലേക്ക് സർവിസ് നടത്തുന്നുണ്ട്.