ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യം നൽകിയതിന് പതജ്ഞലി ആയുർവേദിനെതിരെ നടപടിയെടുക്കാത്ത കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. സർക്കാർ കണ്ണടച്ചാണ് ഇരിക്കുന്നതെന്ന് കോടതി വിമർശിച്ചു. രാജ്യത്തെ മുഴുവൻ പതജ്ഞലി പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോടതി പറഞ്ഞു. യോഗ ഗുരു രാംദേവ് സഹ ഉടമയായ സ്ഥാപനമാണ് പതജ്ഞലി. ഇത് വളരെ നിർഭാഗ്യകരമാണ്. സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ബെഞ്ച് പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്ന പതഞ്ജലി ആയുർവേദിന്റെ എല്ലാ മാധ്യമങ്ങളിലുമുള്ള പരസ്യം ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.
കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ നല്‍കി കോടതിയെ വെല്ലുവിളിക്കുകയാണ്. ഇത്തരം പരസ്യങ്ങളെ നിയന്ത്രിക്കാൻ കോടതി ഇടപെടും. പതഞ്ജലിക്കെതിരെ രണ്ട് വർഷമായി കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പതഞ്ജലിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഐഎംഎയുടെ പരാതിയിൽ ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് അഹ്സനുദ്ദീൻ അമനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ആധുനിക വൈദ്യശാസ്ത്രത്തിനും വാക്സിനേഷനുമെതിരെ നടത്തുന്ന ക്യാമ്പയിൻ അവസാനിപ്പിക്കണമെന്ന് കാണിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോടതിയെ സമീപിച്ചത്.
എന്ത് നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജിനോട് കോടതി ചോദിച്ചു. പരസ്യം രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചില്ലേ എന്നും കോടതി ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അംഗീകരിക്കാനില്ലെന്ന് സമ്മതിച്ച കെ എം നാഗരാജ് അതത് സംസ്ഥാനങ്ങളാണ് നടപടിയെടുക്കേണ്ടതെന്ന മറുപടിയാണ് നൽകിയത്. ഇതോടെ എടുത്ത നടപടിയുടെ ഘട്ടങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ബാബാ രാംദേവിനെ കക്ഷിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ രാംദേവ് സന്യാസിയാണെന്നാണ് പതഞ്ജലി ആയുർവേദിന്റെ കൌൺസിൽ സീനിയർ അഭിഭാഷകനായ വിപിൻ സിംഗ്വി വാദിച്ചത്. എന്നാൽ അദ്ദേഹം ആരാണെന്നത് ഇവിടെ വിഷയമല്ലെന്നും പ്രാഥമികമായി ഇവിടെ നിയമലംഘനം നടന്നിട്ടുണ്ടെന്നും കോടതി മറുപടി നൽകി.
പതഞ്ജലി ആയുർവേദിന്റെ മരുന്നുകളെ കുറിച്ചുള്ള പരസ്യങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകുന്നുവെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ വർഷം തന്നെ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ‘എന്താണ് ഗുരു സ്വാമി രാം ദേവ് ബാബയ്ക്ക് സംഭവിച്ചത്? യോഗ ജനകീയമാക്കിയെന്നതിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ അദ്ദേഹം മറ്റുള്ള സംവിധാനങ്ങളെ വിമർശിക്കാൻ പാടില്ല. ഡോക്ടർമാരെല്ലാം കൊലപാതകികളാണെന്നും മറ്റും ആരോപിക്കുന്ന പരസ്യങ്ങൾ നിങ്ങൾ കണ്ടില്ലേ. വലിയതോതിലാണ് പരസ്യങ്ങള്‍ നൽകിയിരിക്കുന്നത്’ അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന എൻ വി രമണ വിമർശനം ഉന്നയിച്ചിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നത് അവസാനിപ്പിക്കാൻ മാർഗം കണ്ടെത്താൻ സർക്കാരിന് വേണ്ടി ഹാജരായ കൌൺസിലിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അലോപ്പതി ചികിത്സയെയും ഡോക്ടർമാരെയും മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങൾക്കെതിരെ ഐഎംഎ രംഗത്തെത്തിയിരുന്നു. അലോപ്പതി മരുന്നുകൾ കഴിച്ചിട്ടും ഡോക്ടർമാർ മരിക്കുന്നുവെന്ന ആരോപണവും പതഞ്ജലിയുടെ പരസ്യങ്ങളിൽ പറയുന്നതായും ഐഎംഎ ചൂണ്ടിക്കാട്ടിയിരുന്നു.