ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളത്തോട് വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നും ചർച്ചയുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധിയായ കെ വി തോമസ് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും കെ വി തോമസുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിവരം പുറത്തുവന്നത്. സിൽവർ ലൈൻ ഡി പിആറിൽ കേന്ദ്രത്തിന്റെ പ്രതികരണം അറിയിക്കാമെന്നും നരേന്ദ്രമോദിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
മുൻപ് കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേരളവും കേന്ദ്രവും നടത്തിയ ചർച്ച പരാജയപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചർച്ചയിൽ പങ്കെടുത്തതിൽ നിന്നും വ്യക്തമായത്. കേരളം സുപ്രീംകോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയെന്നും കേസ് നിലനിൽക്കുകയാണെന്നും ബാലഗോപാൽ പ്രതികരിച്ചിരുന്നു.