തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രം അംഗീകാരം. ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് രാഷ്ട്രപതിയുടെ തീരുമാനം. എന്നാൽ ഗവര്‍ണറെ സംബന്ധിച്ച് ഏറെ ആശ്വാസകരവുമാണിത്.
ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നൽകിയില്ല. ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.