തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുമായി സിപിഐഎം പ്രാദേശിക നേതൃത്വം. സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐ പ്രവര്‍ത്തകനെന്ന് ചൂണ്ടിക്കാട്ടിയുള്ളതാണ് ഫ്‌ളക്‌സ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നും ഫ്‌ളക്‌സിലുണ്ട്. സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
‘സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം’, എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. എസ്എഫ്‌ഐ ഫ്‌ളക്‌സിനെതിരെ സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ രംഗത്തെത്തിയിട്ടുണ്ട്. മരണം പോലും മുതലെടുക്കുന്നവരാണ് ഡിവൈഎഫ്‌ഐ എന്നായിരുന്നു പ്രതികരണം.
ഹോസ്റ്റലിലെ കുളിമുറിയില്‍ ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാര്‍ത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടര്‍ന്നാണ് സത്യം വിദ്യാര്‍ഥികള്‍ പുറത്തു പറയാത്തതെന്നും സിദ്ധാര്‍ത്ഥന്റെ പിതാവ് പ്രതികരിച്ചിരുന്നു.