തിരുവനന്തപുരം: സിദ്ധാർഥ് എസ്എഫ്ഐ പ്രവർത്തകൻ എന്ന ഫ്ലക്സിനെ ന്യായീകരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ.ക്യാമ്പസിൽ നടന്ന എസ്എഫ്ഐയുടെ പല പരിപാടികളിലും സിദ്ധാർഥ് പങ്കെടുത്തിരുന്നു. ഇതിൻറെ ചിത്രങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും ക്യാമ്പസുകളിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ആക്രമമാണ് സിദ്ധാർഥിന് നേരെ ഉണ്ടായതെന്നും അദ്ദേഹംപറഞ്ഞു.
വയനാട് വെറ്ററിനറി കോളജിൽ ക്രൂരമായി റാഗിങ്ങിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥ് എസ്.എഫ്.ഐ പ്രവർത്തകൻ ആയിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.സിദ്ധാർത്ഥ് ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകൻ ആണെന്ന് കാണിച്ച് സിപിഎം വീടിനു മുൻപിൽ ഫ്ലക്സ് സ്ഥാപിച്ചിരുന്നു ഇതിനെതുടർന്നാണ് കുടുംബം വ്യക്തത വരുത്തിയത്.
എസ്എഫ്ഐ എന്നും സിദ്ധാർഥിന്റെ കുടുംബത്തോടൊപ്പമാണ്. കോൺഗ്രസും ഗവർണറും മാധ്യമങ്ങളും വിഷയം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് ആർഷോ പറഞ്ഞു. കൊലപാതകം നടത്തിയത് എസ്എഫ്ഐയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വരുത്തിതീർക്കാൻ പലരും ശ്രമിക്കുന്നു. എസ്എഫ്ഐയുടെ ചില പ്രവർത്തകർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞതും സംഘടന കൃത്യമായി ഇടപെട്ടു. കുറ്റക്കാർക്കെതിരെ എല്ലാം സംഘടന കൃത്യമായി തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപേ അവരെയെല്ലാം സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. പ്രതികൾക്ക് യാതൊരു സംരക്ഷണവും എസ്എഫ്ഐ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.