തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്ക് ചേരുന്നുവെന്നും എസ്എഫ്ഐക്കാർക്ക് ക്യാമ്പസിൽ ഇത് ചെയ്യാൻ കഴിയുന്നത് സിപിഐഎമ്മിന്റെ പിന്തുണ ലഭിക്കുന്നത് കൊണ്ടാണെന്നും ശശി തരൂർ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര അന്വേഷണം വേണം. കേരള പൊലീസിന് അന്വേഷിക്കുന്നതില്‍ പരിധി ഉണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.
‘ഞാൻ കേന്ദ്രത്തിന്റെ വലിയ ആരാധകൻ അല്ല എന്ന് നിങ്ങൾക്ക് അറിയാം. പക്ഷേ ഈ കേസിൽ കേന്ദ്ര അന്വേഷണം ആവശ്യമാണ്. സിദ്ധാർത്ഥന്റെ പിതാവിനോട് സംസാരിച്ചിട്ടാണ് ഞാനിത് പറയുന്നത്. ജുഡീഷ്യൽ അന്വേഷണം ആവശ്യമാണ്. ഞാനും കോളജിൽ പഠിച്ചതാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു രാഷ്ട്രീയത്തിലേക്ക് കേരളം പോകുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ എങ്ങനെ നമ്മളുടെ കുട്ടികളെ പഠിക്കാൻ വിടും. അക്രമ രാഷ്ട്രീയം അനുവദിക്കരുത്. സിദ്ധാർത്ഥന്റെ കുടുംബത്തിന് നീതി കിട്ടണം. ക്രിമിനൽ സ്വഭാവത്തിനു ശിക്ഷ ഉണ്ടാകണം’. തരൂർ പറഞ്ഞു.
അതേസമയം, പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ വെറ്ററിനറി സർവ്വകലാശാല വിസിയെ സസ്പെൻഡ് ചെയ്തു. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സസ്പെൻഡ് ചെയ്തത്. എം ആർ ശശീന്ദ്രനാഥിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു.