വയനാട്: പൂക്കോട്ട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ തുറന്നുപറച്ചിലുമായി വിദ്യാര്‍ത്ഥിനി. നിര്‍ണായക ശബ്ദരേഖ മാധ്യമങ്ങൾക്ക് ലഭിച്ചു. സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കൊന്നതാണെന്ന് വിദ്യാര്‍ത്ഥിനി ശബ്ദരേഖയില്‍ പറയുന്നു. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
‘സിദ്ധാര്‍ത്ഥനെ പട്ടിയെ തല്ലുന്നത് പോലെ തല്ലി. ഹോസ്റ്റലിന്റെ നടുവില്‍ പരസ്യ വിചാരണ നടത്തി. വരുന്നുവരും പോകുന്നവരും തല്ലി. ക്രൂരമായി ഉപദ്രവിച്ചു. ബെല്‍റ്റും വയറും ഉപയോഗിച്ചാണ് തല്ലിയത്. സിദ്ധാര്‍ത്ഥന്റെ ബാച്ചില്‍ ഉള്ളവര്‍ക്കും പങ്കുണ്ട്. അവനെ തല്ലിക്കൊന്നത് തന്നെയാണ്. പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാര്‍ കഴുകന്മാരേക്കാള്‍ മോശം. ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് പുറത്തുപറയാത്തത്’- വിദ്യാര്‍ത്ഥിനി ശബ്ദരേഖയില്‍ പറയുന്നു.
മൃഗീയമായാണ് സിദ്ധാര്‍ത്ഥനെ മര്‍ദിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നുണ്ട്. കേസില്‍ 18 പ്രതികളാണ് ഉള്ളത്. ഇവരെല്ലാം തന്നെ പിടിയിലായിട്ടുണ്ട്. സിദ്ധാര്‍ത്ഥനെ നാലിടത്ത് വെച്ച് പ്രതികള്‍ മര്‍ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സഹപാഠിയോട് അപമര്യാദയായി പെരുമാറിതിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദിച്ചതെന്നാണ് പ്രതികളുടെ മൊഴി.
മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. സിദ്ധാര്‍ത്ഥന്‍ നേരിട്ട ക്രൂരമര്‍ദ്ദനങ്ങള്‍ വെളിവാക്കുന്ന ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത് 13 ദിവസം പിന്നിടുമ്പോഴാണ് മുഴുവന്‍ പ്രതികളും പിടിയിലാകുന്നത്.