പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്. സ്പീക്കർ സർദാർ അയാസ് സാദിഖ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 201 വോട്ടുകൾക്കാണ് ഷെരീഫിന്റെ ജയം. പാകിസ്താ തെഹ്‌രീക്-ഇ-ഇൻസാഫ് സ്ഥാനാർത്ഥി ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി.
ഏറെ അനിശ്ചിതത്വങ്ങൾക്ക് സാക്ഷ്യം വഹിച്ച പാകിസ്താൻ തെരഞ്ഞെടുപ്പ് സഖ്യ സർക്കാർ രൂപീകരണത്തിലേക്ക് എത്തിച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫെബ്രുവരി 8 നായിരുന്നു തെരഞ്ഞെടുപ്പ്. സംഘർഷങ്ങൾക്കും അതിക്രമങ്ങൾക്കുമിടെ രാജ്യത്ത്
ഇൻ്റർനെറ്റ് നിരോധനവും അറസ്റ്റും അക്രമങ്ങളുമുണ്ടായി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ കാലതാമസമുണ്ടായതോടെ വോട്ടിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിലേക്കും നയിച്ചു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.