തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് സ്ഥിരം കുറ്റവാളിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്ത് പല സ്ഥലങ്ങളെത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു. നൂറിനു മുകളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി ഹസൻ കുട്ടി എന്ന കബീർ. ഇയാൾ പല കേസുകളിലും പ്രതിയാണ്. 2022 ൽ പെൺകുട്ടിയെ മിട്ടായി കൊടുത്ത് ഉപദ്രവിക്കാൻ ശ്രമിച്ചു. പോക്സോ കേസിലും മോഷണക്കേസിലും പ്രതിയാണ്. ജനുവരി 12 നാണ് ജയിലിൽ നിന്നിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളും ജയിലും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം നിർണ്ണായകമായി. സ്ഥിരമായി പോക്സോ സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളിൽ ചെയ്യുന്ന ആളാണെന്നും കമ്മീഷണർ പറഞ്ഞു.
കുട്ടിയെ തട്ടികൊണ്ടു പോയത് 12 മണിക്കും ഒരു മണിക്കും മധ്യേ. സംഭവ ദിവസം രാത്രി പ്രതി ട്രെയിൻ ഇറങ്ങിയത് പേട്ട സ്റ്റേഷനിൽ. കാണുമ്പോൾ മലയാളി ആയിട്ടാണ് തോന്നുന്നത്. പക്ഷേ ഗുജറാത്തിൽ ആണ് ജനിച്ചതെന്നും ചെറുപ്പത്തിലേ ഇങ്ങോട്ട് വന്നതാണെന്നും പറയുന്നു. മലയാളികൾ ആയവർ ദത്തെടുത്തു എന്നും പറയുന്നു. വർക്കല അയിരൂരിലെ അഡ്രസ്സ് ആണ് നിലവിൽ ഉള്ളത്.
രാത്രി സഞ്ചരിക്കുന്ന, അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്വഭാവം ഉള്ളയാളാണ്. വായ പൊത്തിപ്പിടിച്ചപ്പോൾ കുട്ടിക്ക് അനക്കമില്ലാതെ ആയി. അതിനാൽ ഉപേക്ഷിച്ചു എന്നാണ് പറയുന്നത്. നേരത്തെ നാടോടിക്കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയ ഒരു സംഭവം ഉണ്ട്. പക്ഷേ, കേസുണ്ടായില്ല.
കുട്ടിയെ തട്ടിയെടുത്ത അതേ രാത്രി പുലരും മുൻപ് കുട്ടിയെ ഉപേക്ഷിച്ചു എന്നാണ് ഇപ്പോൾ പറയുന്നത്. നിലവിലെ വിവരം അനുസരിച്ച് പ്രതിക്കെതിരെ 8 കേസുകളുണ്ട്, ക്ഷേത്രത്തിലെ മോഷണക്കേസ് ഉൾപ്പടെ. കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ട്രാക്കിലൂടെ നടന്നു. ശേഷം ലിഫ്റ്റ് ചോദിച്ച് തമ്പാനൂർ ഭാഗത്തേക്ക് വന്നു. പിന്നീട് ബസ് കയറി ആലുവയിലേക്ക് പോയി. ഇതൊക്കെ പ്രതി പറയുന്നതാണ്. പൊലീസ് ഇതൊക്കെ വിശദമായി പരിശോധിക്കും. പ്രതിക്കെതിരെ പോക്സോ വകുപ്പ് തന്നെ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.