വയനാട്:പൂക്കോട് വെറ്റിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം ചുമത്താൻ പൊലീസ് . ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചതായും മർദനത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും മർദനത്തിനുമുമ്പും ഗൂഢാലോചന നടന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. റിമാൻഡ് റിപ്പോർട്ട് വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ ക്രിമിനൽ ഗൂഢാലോചനാ കുറ്റം കാണിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. സിദ്ധാർത്ഥന് ഏറ്റ മർദനം കണക്കിലെടുത്ത് കൊലപാതക കുറ്റം കൂടി ചുമത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയ സിദ്ധാർത്ഥൻ 16ന് പകൽ തങ്ങിയത് ഹോസ്റ്റലിലായിരുന്നു. സ്‌പോർട്‌സ് ഡേ നടക്കുന്നതിനാൽ ആരും ഹോസ്റ്റലിലുണ്ടായിരുന്നില്ല. രാത്രി ഒമ്പതുമണിയോടെ സിദ്ധാർത്ഥിനെ കോമ്പൗണ്ടിലെ കുന്നിന് അടുത്തേക്ക് കൊണ്ടുപോയി. ഹോസ്റ്റലിലെത്തിയ ഡാനിഷും രഹാൻ ബിനോയിയും അൽത്താഫും ചേർന്നാണ് ഇവിടേക്ക് കൊണ്ടുപോയത്. അവിടെ കാശിനാഥൻ എന്ന പ്രധാന പ്രതി കാത്തുനിൽപ്പുണ്ടായിരുന്നു. സഹപാഠിയോട് മോശമായി പെരുമാറി എന്നാരോപിച്ച് സിദ്ധാർത്ഥനെ അവിടെ വെച്ച് ക്രൂരമായി മർദിച്ചു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും മർദനവും നീണ്ടു.