ന്യൂഡൽഹി: ഇന്ത്യക്കാരോട് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ച് ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഷെല്ലാക്രമണത്തെ തുടർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വാർത്താ കുറിപ്പിലൂടെ എംബസി ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലെ വടക്ക്, തെക്ക് അതിർത്തി പ്രദേശങ്ങളിലും മറ്റുമുള്ള എല്ലാ ഇന്ത്യക്കാരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇസ്രായേൽ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. – ഇസ്രായേലിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇസ്രായേലിലെ ഏറ്റവും മികച്ച ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലാണ് ഷെല്ലാക്രമണത്തിൽ പരിക്കേറ്റവർകഴിയുന്നത്. ഇവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കും. ഇവിടെ ഇസ്രായേലിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല. ഭീകരാക്രമണത്തിൽ പരിക്കേൽക്കുന്നതോ മരണപ്പെടുന്നതോ ആയ എല്ലാ പൗരൻമാരെയും തുല്യമായാണ് ഈ രാജ്യം കണക്കാക്കുന്നതെന്നും ഇസ്രയേൽ എംബസിയും പ്രതികരിച്ചു. അവരുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും എംബസി കൂട്ടിച്ചേർത്തു.
ഇസ്രായേൽ- ഹമാസ് യുദ്ധം രൂക്ഷമായ സമയത്ത് പ്രശ്‌ന ബാധിത മേഖലയിൽ നിന്ന് മടങ്ങി വരാൻ ഇന്ത്യകാർക്ക് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.