അബുദാബി : ടൂറിസം രംഗത്ത് സ്വകാര്യമേഖലയിൽ നിന്ന് 8000 കോടി ഡോളർ നിക്ഷേപം തേടി സൗദി. 2030ഓടെ വർഷത്തിൽ 15 കോടി വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
2030ഓടെ വർഷത്തിൽ 10 കോടി വിനോദ സഞ്ചാരികൾ എന്ന ലക്ഷ്യം 2023ൽ തന്നെ നേടിയെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം സൗദിയിലെത്തിയ 10.6 കോടി വിനോദസഞ്ചാരികൾ 25000 കോടി റിയാലും ചെലവഴിച്ചതും വ്യാപാര സ്ഥാപനങ്ങൾക്ക് ഉണർവേകി. ആഗോള വിനോദസഞ്ചാരികൾക്കു സൗദിയുടെ വാതിൽ തുറന്നിട്ടതും വീസ നിയമങ്ങൾ ലളിതമാക്കിയതും കലാസാംസ്കാരിക, വിനോദ പരിപാടികൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവു നൽകിയതുമെല്ലാം സഞ്ചാരികളെ ആകർഷിച്ചു.