ന്യൂഡൽഹി: വിളകൾക്ക് ന്യായമായ താങ്ങുവില ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയും (നോൺ പൊളിറ്റിക്കൽ) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും തുടങ്ങിയ സമരം ബുധനാഴ്ച പുനരാരംഭിച്ചു. ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞുവെച്ച കർഷകർ അവിടെ തുടരും.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ ട്രെയിൻ, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ഡൽഹിയിലേക്ക് എത്താൻ ശ്രമം തുടങ്ങി. യുവ കർഷകന്റെ മരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 23നാണ് സമരം താൽക്കാലികമായി നിർത്തിവെച്ചത്. ഡൽഹിയിലെത്തുന്ന പ്രതിഷേധക്കാരെ തടയാന്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തിപ്രദേശങ്ങളായ തിക്രി, സിംഘു, ഗാസിപുര്‍ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി.
ട്രാക്ടറുകള്‍ക്കു പകരം ട്രെയിനുകളിലോ ബസുകളിലോ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നതെന്നും മാര്‍ച്ച് ആറിന് ബസുകളിലും ട്രെയിനുകളിലും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും കർഷക നേതാക്കൾ പറഞ്ഞിരുന്നു. മാർച്ച് 10ന് ട്രെയിൻ തടയുമെന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.