ദോഹ: ആറാമത് ഖത്തര്‍ – അമേരിക്ക സ്ട്രാറ്റജിക് ചര്‍ച്ചകളില്‍ സജീവ വിഷയമായി ഗസ്സയിലെ വെടിനിര്‍ത്തല്‍. ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
വാഷിങ്ടണ്‍ ഡിസിയിലാണ് ഖത്തര്‍- അമേരിക്ക സ്ട്രാറ്റജിക് ചര്‍ച്ചകള്‍ നടന്നത്. ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും അമേരിക്കയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
നാറ്റോ സഖ്യത്തിന് പുറത്ത് അമേരിക്കയുടെ പ്രധാന പങ്കാളി എന്ന നിലയില്‍ പ്രതിരോധം സുരക്ഷ, ഊര്‍ജം. നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയായി. ഗസ്സ വിഷയമായിരുന്നു സ്ട്രാറ്റജിക് ചര്‍ച്ചകളിലെ മറ്റൊരു പ്രധാന വിഷയം. ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാകുമെന്ന് ആന്റണി ബ്ലിങ്കന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗസ്സയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാനും ബന്ദികളുടെ മോചനത്തിനും ഉടന്‍ വഴിയൊരുങ്ങുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. ഗസ്സയിലെ ചര്‍ച്ചകളിലെ അമേരിക്കയുടെ സഹകരണത്തിന് ഖത്തര്‍ നന്ദി അറിയിച്ചു. മനുഷ്യന്റെ ദുരിതം ഇല്ലാതാക്കാനും സമാധാനത്തിനുമാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി വ്യക്തമാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള തീവ്രവലതുപക്ഷം ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്കുനേരെ സംശയം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തര്‍ – അമേരിക്ക സ്ട്രാറ്റജിക് ചര്‍ച്ച നടക്കുന്നത്