കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് ബംഗാള്‍ സിപിഐഎം. കോണ്‍ഗ്രസ് നേതൃത്വം പെട്ടെന്ന് തന്നെ നിലപാട് വിശദീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ അനിശ്ചിതമായി അതിന് വേണ്ടി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബിജെപി വിരുദ്ധ, തൃണമൂല്‍ വിരുദ്ധ ശക്തികള്‍ക്ക് വേണ്ടി ഞങ്ങളുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഞങ്ങളോടൊപ്പമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഞങ്ങള്‍ക്ക് അനിശ്ചിതമായി കാത്തിരിക്കാനാവില്ല.’, മുഹമ്മദ് സലിം ഇന്‍ഡ്യ ടുഡേയോട് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാനും സിപിഐഎം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 42 സീറ്റുകളില്‍ 22 സീറ്റുകളില്‍ മത്സരിക്കാനാണ് സിപിഐഎം ആലോചിക്കുന്നതെന്നാണ് വിവരം. ഒമ്പത് സീറ്റുകള്‍ ഇടതുമുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് നല്‍കും. കോണ്‍ഗ്രസും ഐഎസ്എഫ് പോലുള്ള കക്ഷികള്‍ക്കായി 11 സീറ്റുകള്‍ നല്‍കാനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് സിപിഐഎമ്മുമായി സഖ്യത്തിലെത്താനാണ് ആഗ്രഹം. എന്നാല്‍ കേന്ദ്ര നേൃത്വം തൃണമൂലുമായുള്ള സഖ്യമാണ് ആഗ്രഹിക്കുന്നത്.