തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി.നിയമനത്തിൽ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്, കാലടി സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ എന്നിവരെ ചാൻസലറായ ഗവർണർ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ നടപടി പിന്നീട് തീരുമാനിക്കും.
കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെ മൂന്നു സർവകലാശാല വൈസ് ചാൻസലർമാർ രാജ്ഭവനിൽ ഹിയറിങ്ങിന് ഹാജരായിരുന്നു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നേരിട്ട് പങ്കെടുത്തപ്പോൾ കാലിക്കറ്റ് വി.സിക്കുവേണ്ടി അഭിഭാഷകൻ ഹാജരായി. സംസ്കൃത സർവകലാശാല വി.സിക്കുവേണ്ടി അഭിഭാഷകൻ ഓൺലൈനായും ഹാജരായി. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വി.സി ഡോ. പി.എം. മുബാറക് പാഷ ദിവസങ്ങൾക്ക് മുമ്പ് രാജിക്കത്ത് നൽകിയതിനാൽ ഹാജരായില്ല.