കോട്ടയം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ബൈജു കലാശാല ഈ ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ എൻ.ഡി.എ സ്ഥാനാർഥി. ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയാണ് ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം രണ്ടുദിവസത്തിനുശേഷം നടത്തുമെന്ന് അറിയിച്ചു.
കെ.പി.എം.എസ് മുൻ ജനറൽ സെക്രട്ടറിയാണ് ബൈജു കലാശാല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്ന ബൈജു കലാശാല കഴിഞ്ഞ മാസമാണ് ബി.ഡി.ജെ.എസിൽ ചേർന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ എൽ.ഡി.എഫിലെ അരുൺ കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് മാവേലിക്കരയിൽ മത്സരിച്ചത്.
കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിെൻറ മൗനാനുവാദത്തോടെയാണ് ബൈജു സ്ഥാനാർഥിയായതെന്നാണ് വിവരം. നേരിട്ട് ബി.ജെ.പി.യിലേക്ക് പോകുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ബി.ഡി.ജെ.എസ് വഴി എൻ.ഡി.എ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. പുന്നല ശ്രീകുമാർ നേരത്തേ നവോഥാന സമിതി വിട്ടിരുന്നു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനം ഈമാസം 25, 26, 27 തീയതികളിലാണ്. സമ്മേളനത്തിൽ തെരഞ്ഞെടുപ്പിലെ നിലപാട് ചർച്ച ചെയ്യാനിരിക്കെയാണ് ബൈജു മാവേലിക്കരയിൽ എൻ.ഡി.എ സ്ഥാനാർഥിയായത്.