ദില്ലി: ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിൻറെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ. നാളെ എസ് ബി ഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹർജി.
ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. എസ്ബിഐക്കെതിരെ കേസിലെ ഹർജിക്കാരായ എഡിആർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും തിങ്കളാഴ്ച്ച് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി വരുന്ന ബുധനാഴ്ച വരെയാണ് സമയം നല്കിയത്.
ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങള്‍ കൈമാറാൻ എസ്ബിഐയ്ക്ക് നല്‍കിയ സമയം ഇന്നലെ അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. കമ്മീഷന്‍ ഇത് പതിമൂന്നാം തീയ്യതിക്ക് മുൻപ് പ്രസിദ്ധീകരികണക്കമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ രേഖകൾ ശേഖരിച്ച് സമർപ്പിക്കാൻ ഈ വർഷം ജൂൺ മുപ്പത് വരെ സമയം നൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യം. സങ്കീർണ്ണമായ നടപടികളിലൂടെ വിവരങ്ങൾ ക്രോഡീകരിക്കാൻ സമയം വേണ്ടി വരും എന്ന് എസ്ബിഐ നല്കിയ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ കോടതി വിധി അനുസരിച്ചില്ലെന്ന് കാട്ടി കേസിലെ ഹർജിക്കാരായ ASSOCIATION FOR DEMOCRATIC REFORMS കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. കേന്ദ്രത്തിനെയും എസ്ബിഐയെയും കക്ഷിയാക്കാണ് ഹർജി . ഹർജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുമ്പാകെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പരാമർശിച്ചു. എസ്ബിഐ.യുടെ ഹർജി തിങ്കളാഴ്ച്ച് ലിസ്റ്റ് ചെയ്യാൻ ഇരിക്കെ കോടതിയലക്ഷ്യ ഹർജിയും ഒപ്പം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാനാണ് എസ്ബിഐ സമയം നീട്ടി ചോദിക്കുന്നതെന്ന് പ്രതിപക്ഷ വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ബോണ്ടുകളുടെ വിവരം പുറത്തു വരുമോ എന്നതിൽ കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും.