കോഴിക്കോട്: മതന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും രക്ഷാകവചമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് ഹൗസിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുപാട് വേദന അനുഭവിച്ച സമുദായമാണിത്. ഇനിയും അവരെ വേദനകളിലേക്ക് തള്ളിവിടാതിരിക്കാനുള്ള നിലപാടുകളുമായി മുസ്ലിം ലീഗ് മുന്നോട്ടുപോകും. എരിതീയിൽ എണ്ണയൊഴിക്കുകയല്ല, മറിച്ച് ആ തീ പടരാതിരിക്കാനുള്ള കരുതൽ സ്വീകരിക്കുകയാണ് ലീഗ് എക്കാലത്തും ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുൽ ഹുദ ഇസ്ലാമിക് സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ നദ്വി കൂരിയാട് അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകൻ ആനന്ദ് കൊച്ചുകുടി, കെ.കെ. ബാബുരാജ്, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു. എം.സി. മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, സി.പി. ചെറിയ മുഹമ്മദ്, യു.സി. രാമൻ, അഡ്വ. മുഹമ്മദ് ഷാ, എം.പി. മുഹമ്മദ് കോയ, എം.എ. റസാഖ് മാസ്റ്റർ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്മത്തുല്ല, പി.കെ. അബ്ദുറബ്ബ്, പി.കെ. ഫിറോസ്, അഡ്വ. നാലകത്ത് സൂപ്പി, ഹനീഫ മൂന്നിയൂർ, നൂർബിന റഷീദ്, സുഹ്റ മമ്പാട്, ഇ.പി. ബാബു, അഹമ്മദ് സാജു, കെ.കെ. അഹമ്മദ് ഹാജി, അഡ്വ. സുൽഫീക്കർ സലാം, കെ.എസ്. സിയാദ്, വൈ. നൗഷാദ് യൂനുസ് എന്നിവർ പങ്കെടുത്തു.
എം.സി വടകര എഴുതിയ ‘മുസ്ലിം ലീഗ് സ്വതന്ത്ര ഇന്ത്യയിൽ’ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെയും ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമകൾ ഉൾക്കൊള്ളുന്ന ‘വിശുദ്ധമീ യാത്ര’യുടെയും പ്രകാശനം നടന്നു.