കോട്ടയം∙ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ ചരിത്രത്തില്‍ ആദ്യമായി മുടങ്ങുന്ന അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയതിന്റെ പ്രധാനകാരണം കേന്ദ്രമാണെന്ന് കേരളം കുറ്റപ്പെടുത്തുമ്പോള്‍, കഴിഞ്ഞ വര്‍ഷം (2022-23) കേന്ദ്രത്തില്‍നിന്ന് കേരളത്തിന് കിട്ടിയത് 45,638.54 കോടി രൂപയെന്നു കണക്കുകൾ.
ഗ്രാന്‍ഡ് ഇന്‍ എയ്ഡ് ഇനത്തില്‍ 27,377.86 കോടിയും നികുതിവിഹിതമായി 18,260.68 കോടിയുമാണ് കിട്ടിയത്. 2021-22ല്‍ കിട്ടിയത് ആകെ 47,837.21 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 42,000 കോടിയാണ് കേന്ദ്രത്തില്‍നിന്നു കിട്ടേണ്ടിയിരുന്നതെന്നും എന്നാല്‍ ആകെ 21,000 കോടി മാത്രമാണ് കിട്ടിയതെന്നുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്.
വിവിധ ഇനത്തില്‍ 2012 മുതല്‍ കേന്ദ്രത്തില്‍നിന്ന് ലഭിച്ച തുക
സിംഗിള്‍ നോഡല്‍ ഏജന്‍സി സിസ്റ്റത്തിന്റെ നടപടി ക്രമങ്ങള്‍ പരിഷ്‌കരിച്ചതു മൂലമുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ആദ്യഘട്ടത്തില്‍ കേന്ദ്രഫണ്ട് ലഭിക്കുന്നതു വൈകാനിടയാക്കിയതെന്ന് സംസ്ഥാന ധനവകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ അതു പിന്നീട് പരിഹരിച്ചു. സിംഗിള്‍ നോഡല്‍ ഏജന്‍സിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം ട്രാന്‍സ്ഫര്‍ ചെയ്ത ഫണ്ടിന്റെ 75 ശതമാനം ഉപയോഗപ്പെടുത്തുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ ബാക്കി തുക നല്‍കുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2023-24ല്‍ ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 7591.95 കോടിയില്‍ 5292.11 കോടിയാണ് കേന്ദ്രം നല്‍കിയത്. 2021-22ല്‍ 1.33 കോടിയും 2022-23ല്‍ 188.72 കോടിയും ലഭിക്കാനുണ്ട്. കേന്ദ്ര പദ്ധതികളുടെ ബ്രാന്‍ഡിങ് നാമകരണ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം പാലിക്കാത്തതിനാല്‍ എന്‍എച്ച്എം വിഹിതമായ 500 കോടി നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ല. ലോണ്‍ സഹായമായ 1925 കോടിയും കിട്ടിയിട്ടില്ല. മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പലതവണ കത്തയച്ചുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.