ഗസ്സ: ഗസ്സയിൽ വെടിനിർത്തലും ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഹമാസ് പുതിയ നിർദേശം സമർപ്പിച്ചു. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 700 മുതൽ 1,000 ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് ബന്ദിയാക്കിയ ഇസ്രായേലികളിൽ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രോഗികളെയും ആദ്യഘട്ടത്തിൽ മോചിപ്പിക്കുക, ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റത്തിന് തീയതി നിശ്ചയിക്കുക, രണ്ടാം ഘട്ടത്തിൽ ഇരുപക്ഷവും എല്ലാ തടവുകാരെയും വിട്ടയക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്.
മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ എന്നിവ മുഖേന കൈമാറിയ നിർദേശം ചർച്ചചെയ്യാൻ ഇസ്രായേൽ യുദ്ധകാല മന്ത്രിസഭ പ്രത്യേക യോഗം ചേരും. യാഥാർഥ്യത്തിന് നിരക്കാത്ത നിർദേശങ്ങൾ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആദ്യ പ്രതികരണം. ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിനിടയിലും റമദാനിലെ ആദ്യ വെള്ളിയാഴ്ച ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ 80,000 വിശ്വാസികൾ ജുമുഅ നമസ്കാരം നിർവഹിച്ചു. 55 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും 50 വയസ്സിന് മുകളിലുള്ള സ്ത്രീകളെയും മാത്രമാണ് മസ്ജിദ് അങ്കണത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ 95 ശതമാനം ഫലസ്തീനികൾക്കും വിശ്വാസപരമായി പ്രാധാന്യമുള്ള മസ്ജിദുൽ അഖ്സയിൽ പ്രാർഥിക്കാൻ കഴിയുന്നില്ല. അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 149 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ കൊല്ലപ്പെട്ടവർ 31,490 ആയി. 73,439 പേർക്ക് പരിക്കേറ്റിട്ടുണ്ട്.