കൊച്ചി: രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെയുള്ള കാലയളവിലാണ് ഏഴുഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുക. രാജ്യത്ത് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിനാണ് വോട്ടെണ്ണൽ. കേരളം പോളിങ്ങ് ബൂത്തിലേയ്ക്ക് എത്താൻ ഇനി ശേഷിക്കുന്നത് 41 ദിവസമാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നീട് ഫലമറിയാൻ 39 ദിവസം കൂടി കേരളം കാത്തിരിക്കണം. ഇന്നു മുതൽ 80 ദിവസം കാത്തിരിക്കണം ഇന്ത്യയുടെ ഭാവി എന്തെന്ന കേരളത്തിൻ്റെ വിധിയെഴുത്തറിയാൻ.
രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക ഏപ്രിൽ 19നാണ്. ഒന്നാംഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നാണ്. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്. നാലാംഘട്ടം മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ്‍ ഒന്നിനാണ്. ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത് 22 ഇടങ്ങളിലാണ്. അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, ചണ്ഡീഗഢ്, ദാമൻ ദിയു ദാദ്രാ നഗർഹവേലി, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള, ലക്ഷദ്വീപ്, ലഡാക്ക്, മിസോറാം, മേഘാലയ, നാഗാലാന്‍റ്, പുതുച്ചേരി, സിക്കിം, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒറ്റഘട്ടത്തിലായി വോട്ടെടുപ്പ് നടക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത് നാല് സംസ്ഥാനങ്ങളിലാണ്. കര്‍ണാടക, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. മൂന്ന് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലാണ്. ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിലാണ് മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്.
നാല് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ്. ഒഡിഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് നാല് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി രണ്ട് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് നാല് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്നത് മൂന്ന് സംസ്ഥാനങ്ങളിലാണ് ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്.