മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര പൂർത്തിയായി. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്ക്കർ അന്ത്യവിശ്രമം കൊള്ളുന്ന മുംബൈയിലെ ചൈത്യഭൂമിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര പൂർത്തിയായത്.
ജയ് ഭീം മുഴക്കിയും പ്രതിജ്ഞ ചൊല്ലിയും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും യാത്രയുടെ അവസാന ദിവസം അവിസ്മരണീയമാക്കി. കൂടാടെ രാഹുൽ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി വാദ്രയും സംബന്ധിച്ചു.
മുംബൈ ശിവാജി പാർക്കിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സമാപന സമ്മേളനം നടക്കും. ഇൻഡ്യ മുന്നണി നേതാക്കളായ എം.കെ. സ്റ്റാലിൻ, ശരത് പവാർ, ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, അഖിലേഷ് യാദവർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
തെരെഞ്ഞെടുപ് പ്രഖ്യാപനത്തിനു ശേഷമുള്ള ഇൻഡ്യ മുന്നണിയുടെ ആദ്യ പൊതുസമ്മേളനം കൂടിയാണ് മുംബൈയിൽ നടക്കുന്നത്. ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.
സംഘർഷ ഭൂമിയായ മണിപ്പൂരിൽ നിന്നാണ് ജനുവരി 14ന് രാഹുൽഗാന്ധി യാത്ര ആരംഭിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ ബി.ജെ.പിയെ കടന്നാക്രമിച്ചായിരുന്നു യാത്ര. അതേസമയം, അസമിൽ രാഹുലടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായി. 14 സംസ്ഥാനങ്ങളിലായി അറുപത് ശതമാനത്തിലേറെ ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്.