Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം'; ആവശ്യവുമായി കൂടുതല്‍ മുസ്ലീം സംഘടനകള്‍

‘വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം’; ആവശ്യവുമായി കൂടുതല്‍ മുസ്ലീം സംഘടനകള്‍

കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26ന്  വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും അസൗകര്യമുണ്ടാക്കുന്നതാണ്.

രാജ്യത്തിന്‍റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം. ഇക്കാര്യത്തിൽ  തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും കേരള മുസ് ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന കാബിനറ്റ് മീറ്റിംഗിൽ കാന്തപുരം എ പി. അബൂബക്കർ മുസ്ലിയാർ,സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി,വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി,എൻ.അലിഅബ്ദുല്ല,മജീദ് കക്കാട് ,സി.പി.സൈതലവി മാസ്റ്റർ എന്നിവര്‍ സംബന്ധിച്ചു.

വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ നേരത്തെ ലീ​ഗും സമസ്തയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്നും മാറ്റണമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ അയച്ചു. ജുമാ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും പ്രയാസം സൃഷ്ടിക്കുമെന്ന് സമസ്ത പറഞ്ഞു. 

മുസ്ലിം ജീവനക്കാർക്കും ബൂത്ത് ഏജൻ്റ്മാർക്കും ജുമുഅ പ്രാർത്ഥനക്ക് തടസ്സമാകുമെന്നതിനാൽ ഏപ്രിൽ 26ന്  നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരായ വിശ്വാസികൾക്കും വെള്ളിയാഴ്ചയിലെ പോളിം​ഗ് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.  ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. 

കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.  543 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് 3 മണിയോടെ പ്രഖ്യാപിച്ചത്. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments