Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസി.എ.എ കേസുകൾ പിൻവലിക്കുന്നു; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സി.എ.എ കേസുകൾ പിൻവലിക്കുന്നു; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കാൻ ഒടുവില്‍ തിരക്കിട്ട നടപടികളുമായി സംസ്ഥാന സർക്കാർ. ഗുരുതരസ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിൻവലിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.എ.എ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായി മാറിയതോടെയാണ് സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍. ഗുരുതരസ്വഭാവമുള്ളത് ഒഴികെയുള്ള കേസുകൾ പിൻവലിക്കാനുള്ള അപേക്ഷകൾ കോടതികളിൽ എത്തിയെന്ന് ഉറപ്പുവരുത്താൻ ഉത്തരവില്‍ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർമാർ ഇതിനു മേൽനോട്ടം വഹിക്കും.

സി.എ.എ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജ്ഞാപനത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉൾപ്പെടെ എടുത്ത നൂറുകണക്കിനു കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. വിവിധ സംഘടനകളും ഇക്കാര്യം ഉയർത്തി രംഗത്തെത്തിയിരുന്നു. ആകെ 835 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 69 കേസുകൾ മാത്രമാണു പിൻവലിച്ചതെന്നായിരുന്നു പരാതി.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. 600ലേറെ കേസുകൾ പിൻവലിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗുരുതര സ്വഭാവമുള്ളതോ അപേക്ഷ നൽകാത്തതോ ആയ കേസുകളാണ് പിൻവലിക്കാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് കേസുകളെല്ലാം പിൻവലിക്കാൻ പ്രോസിക്യൂട്ടർമാർക്കു നിർദേശം നൽകിയിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments