സംസ്ഥാനത്തെ ടെക്സ്റ്റൈൽ ഷോറൂമുകളിൽ തൊഴിൽ വകുപ്പിൻ്റെ മിന്നൽ പരിശോധന. മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ. 82 ഷോറൂമുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജോലിസ്ഥലത്തു ഇരിക്കാനുള്ള അവകാശം, ബാലവേല എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.
റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 3724 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 710 തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കമ്മീഷണർ അറിയിച്ചു.