പെർത്ത് : ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനമാണെന്ന് മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ. കുടുംബത്തിൽ മാതാപിതാക്കളുടെയും മക്കളുടെയും ബന്ധം ദൃഢമായിരിക്കുന്നതുപോലെ ഇടവകയിൽ ഇടവകാംഗങ്ങളെല്ലാവരും ആത്മീയ ബന്ധത്തിൽ ഉൾപ്പെടുന്നവരാണ്. പെർത്ത് സെൻറ് ജോസഫ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു മാർ ജോൺ പനന്തോട്ടത്തിൽ. ‘ഓരോ തിരുനാളും ഇടവക സമൂഹം ബോധപൂർവം ഒരുമിച്ചുകൂടി ദൈവത്തിന് നന്ദി പറയേണ്ട പ്രത്യേക അവസരങ്ങളാണ്.’
തിരുനാൾ കുർബാനയിൽ ഇടവക വികാരി ഫാദർ അനീഷ് ജെയിംസ് വി.സി, അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ വേലംപറമ്പിൽ, ഫാദർ ജോൺ പുത്തൻകളം എംസിബിഎസ് എന്നിവർ സഹകാർമ്മികരായിരുന്നു. ഞായറാഴ്ച രാവിലെ 11ന് ആരംഭിച്ച തിരുനാൾ വിശുദ്ധ ബലിയെ തുടർന്ന് പ്രദിക്ഷണവും ലദീഞ്ഞും നടത്തി.
തിരുനാൾ കുർബാനയിലും തുടർന്ന് നടന്ന പ്രദിക്ഷണത്തിലും ഊട്ടു നേർച്ചയിലും അനവധി വിശ്വാസികൾ പങ്കെടുത്തു. ദേവാലയത്തിനും പാരിഷ് ഹോളിനുമിടയിൽ ബ്രീസ് വേയിൽ പരിശുദ്ധ മാതാവിന്റെ പ്രതിമ ഒരുക്കിയ ശിൽപ്പി ബേബി ജോസഫ് വട്ടക്കുന്നേലിന് വിശുദ്ധ കുർബാന മധ്യേ മാർ ജോൺ പനന്തോട്ടത്തിൽ ഉപഹാരം സമർപ്പിച്ചു. കൈക്കാരന്മാരായ സജി മാനുവൽ, ജെയിംസ് ചുണ്ടങ്ങ, തോമസ് ജേക്കബ്, അഗസ്റ്റ്യൻ തോമസ് കാറ്റിക്കിസം പ്രിൻസിപ്പൾ പോളി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.